ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Nov 9, 2011

പൊട്ടക്കണ്ണിലെ തവളകള്‍



കാഴ്ചകളുടെ ലോകത്തിലകപ്പെട്ട ഒരു തവള;
കണ്ണിനെക്കുറിച്ചു വാ തോരാതെ
കണ്ണിലെ ഇരുമ്പഴികളില്‍ താളം പിടിച്ചു പാടുന്നു.

കാഴ്ചയുടെ ഇരുമ്പ് കമ്പികളില്ലാത്ത
വാതിലുകളില്‍ നിന്ന്
ഒരു പറ്റം പക്ഷികള്‍ കണ്ണുകളില്‍ നിന്ന്
കണ്ണുകളിലേക്കു മാറി മാറി പറക്കുന്നു.


കുറിപ്പ് : കാഴ്ച ഒരു തടവറയാണ്. കണ്ണ് ഒരു പൊട്ടക്കിണറും

Oct 30, 2011

അപകര്‍ഷത

ചിരിക്കാന്‍ കഴിയാഞ്ഞ
ചിരികളെയാണവന്‍
കുഴികുത്തി മൂടിയത് .

കരയാന്‍ കഴിഞ്ഞ
കണ്ണീരു കൊണ്ടവനവയെ ഊട്ടി.

കണ്ണീരു കുടിച്ച ഓരോ ചിരിയും
തളിര്‍ത്തത്, പുഞ്ചിരിച്ചത്,
ചിരിച്ചത്; കൊലച്ചിരി ചിരിച്ചത്.

Oct 4, 2011

ആര്‍ത്തി

രക്തമൂറ്റിക്കുടിക്കുന്ന
നി
ന്‍റെ അടിവേരുകള്‍ക്കും;
അന്ധകവിത്തുകള്‍ കായ്‌ക്കുന്ന
നിന്‍റെ ശിഖരങ്ങള്‍ക്കുമിടയില്‍
ഒരൊട്ടിയ വയര്‍!

Aug 31, 2011

ചിത്രകവിത


Aug 10, 2010

തണല്‍ മരങ്ങള്‍



ഈ തളിരില,
മുറിച്ചുമാറ്റപ്പെട്ടയീ-
വൃക്ഷത്തിന്‍റെ
പുനര്‍ജ്ജന്മമല്ല.
തണലേകുവാന്‍ കൊതിച്ച
ദേഹത്തിന്‍റെ
നിലച്ച ധമനികളില്‍ നിന്ന്
അന്ത്യപ്രസരണം ചെയ്ത
ജീവകണം.

മണ്ണും ജലവുമില്ലാതെ
ഇവന്‍ പുനരധിവസിക്കില്ല
കഴിയുമെങ്കില്‍,
ഇവന്‍റെ കൈയും
മുറിച്ചു മാറ്റുക.


കുറിപ്പ് : തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ റ്റിജെ ജോസഫ് സാറിന്‌



Jul 29, 2010

വൈറസ്



മനസ്സമാധാനം
കിട്ടാത്ത രാത്രികളിലെ
ഉറക്കത്തിലെവിടെയോ വെച്ച്
ഞാനൊരു
ആന്‍റീ വൈറസ് സോഫ്റ്റ്വെയറിനെ
സ്വപ്നം കണ്ടു.

ഉണര്‍ന്നപ്പോള്‍,
വൈറസ് ബാധിതരായ
ഓര്‍മ്മകളുടെ ഒരു നീണ്‍ട നിര
എങ്ങോട്ട് പോവണമെന്നറിയാതെ
ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

Jul 12, 2010

മണ്‍കലങ്ങള്‍



പകല്‍ക്കിനാവിന്‍റെ
പിളര്‍ന്ന ചൂളയില്‍
തളര്‍ന്നുറങ്ങുന്ന
വിഷാദ ജന്മമേ,
പുറത്തു പൂക്കേണ്ട
വസന്ത കാലത്തിന്‍
ഉറവിലല്ലയോ
തളര്‍ന്നുറങ്ങുന്നു നീ.
അറിവതില്ലയോ
കരള്‍ വേവുന്നതും കാത്ത്,
കാത്തു നില്‍ക്കുന്നൊരാ
ഭ്രാന്തനാം ശില്പ്പിയെ..?
എവിടെയാണെന്‍റെ കണ്ണേ,
നിന്‍ കാഴ്ചവള്ളികള്‍
ചുറ്റിപ്പടര്‍ന്നു പോകുന്നതും;
ഇവിടെ നീലാകാശത്തിന്‍റെ
ചോട്ടിലാണെന്‍റെ
കാഴ്ച പൊട്ടുന്ന
ചില്ലുകൊട്ടാരം.

May 23, 2010

പൂച്ച

ഒരിക്കലും പ്രണയിക്കാതിരിക്കാനാവും
പൊള്ളുന്ന പ്രണയം തന്നു
നീയെന്‍റെ ചുണ്ട് പൊള്ളിച്ചത്.
ഇപ്പോള്‍ പ്രണയത്തെ എനിക്ക് പേടിയാണ്.
ദാഹിച്ചാലും, ഒരു തുള്ളി പോലും കുടിക്കാതെ
നിറച്ചു വെച്ച പാല്‍പാത്രത്തിനു
ഏഴയലത്തു പോലും നില്‍ക്കാത്ത,
പണ്ട് പാല്‍ പേടിച്ച പൂച്ചയെപ്പോലെ..

Apr 19, 2010

മാണിക്യക്കല്ല്

"പുഴയുടെ ആഴം
കാലുകള്‍കൊണ്ടളക്കരുത് ."
പരല്മീനുകള്‍ക്കിടയില്‍
തിളങ്ങുന്ന, ഒരു വെള്ളാരംകല്ലേ
ഞാന്‍ മോഹിച്ച്ചുള്ളൂ.
പുള്ളിപ്പാവാടയുടുത്ത സ്നേഹം
കല്ലും,പുഴയും,കടലും
കടന്നു പോകുമെന്ന്
കരുതിയിരുന്നില്ല.

Jun 1, 2009

കാട്ടുതീ

പാതി വെന്ത ഹൃ ദയം.
മാനിറച്ചിയോളം
വരില്ലെന്ന് പ്രണയിനി, 
പച്ചയോളം വരില്ലെന്ന് 
സഹയാത്രികര്‍. 
ഇരുണ്ട വാനില്‍ 
കാര്‍മേഘത്തിന്‍റെ 
പേറ്റുനോവ്. 
തീ അണഞ്ഞ മഴയില്‍ 
വെന്ത ഭാഗങ്ങളവര്‍ക്ക്
തിന്നാന്‍ കൊടുത്ത് 
ഊന്നുവടിയില്‍, 
തീ പിടിക്കാത്ത 
കാടിന്‍റെ മറ്റൊരു
ദിക്കിലേക്ക്...

Apr 29, 2009

അമ്മ

തുലാവര്‍ഷം കഴിഞ്ഞിട്ടും
ചോര്‍ച്ച വറ്റാത്ത
കുടിലും മിഴികളും;അമ്മ.
നിന്‍റെ കണ്ണിലെ
കുത്തിയൊഴുക്കലിനെതിരെ-
യായിരുന്നെന്‍റെ ജീവിതം.
നിന്‍റെ കണ്‍തടങ്ങളിലെ
വഴുക്കലില്‍,വഴുതി വീണവ-
യായിരുന്നെന്‍റെ സ്വപ്നങ്ങള്‍.

Apr 24, 2009

യുദ്ധാവസാനം

1
ന്‍റെ ആവനാഴിയിലമ്പുകളില്ല,
തേരും തേരാളിയുമില്ല....,
വില്ലു കുലച്ചു ഞാനെന്‍റെ പ്രാണന്‍
നിന്‍റെ നെഞ്ചിലേക്കയയ്ക്കുന്നു.

2
ചത്തുമലര്‍ന്നിട്ടും
നെഞ്ചില്‍ ചെവിചേര്‍ത്തവള്‍
നോക്കിയതെന്‍റെ
നിലച്ച ഹൃദയമിടിപ്പ്.

Mar 27, 2009

പുഴ

ഒരു പുഴ കുതറിയോടി
എന്നില്‍ നിന്നകന്ന്
അലിഞ്ഞില്ലാതാവുന്നത്
ഞാനിവിടെ നോക്കി നില്‍ക്കുന്നു.
ഉഷ്ണം;
പുഴ പോയ വഴിയിലെ മണ്‍തരികളില്‍
ഞാന്‍ നിന്ന് വിയര്‍പ്പൊഴുക്കുന്നു.

Feb 13, 2009

ചാപിള്ള

ഇനിയും പിറക്കാത്ത
കുഞ്ഞിനു വേണ്ടി,
(ചാപിള്ള പെറ്റതറിഞ്ഞിട്ടും)
കവിതെ..,
നിന്‍റെ ഗര്‍ഭപാത്രത്തില്‍
ഞാനെന്‍റെ ഭ്രൂണം തിരയുന്നു.
ഈ പ്രണയദിനത്തില്‍
എന്‍റെ പ്രണയിനിക്ക്
സമര്‍പ്പിക്കുവാന്‍